ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് താൽക്കാലികമായി പിന്മാറാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന വിലയിരുത്തലായിരുന്നുവെന്ന് സണ്ണി ജോസഫ്. ജിഎൻഎയിൽ നിന്ന് നിലവിൽ വൈദ്യുതി വാങ്ങേണ്ടതില്ലെന്ന കാര്യം മുഖ്യമന്ത്രി വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജവകുപ്പ് സെക്രട്ടറിയുമായും ചർച്ച ചെയ്തതായി മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ഇബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയായ തന്നെ നേരിൽക്കണ്ട് കാര്യങ്ങൾ അറിയിക്കാത്തതിലുള്ള അതൃപ്തിയും വൈദ്യുതി മന്ത്രിയുടെ പ്രതികരണങ്ങളിൽ പ്രകടമായിരുന്നു. അതേസമയം, മുഖ്യമന്ത്രിയുമായി പലതവണ ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കണമെന്ന് തനിക്ക് നിർബന്ധമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഒക്ടോബറിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സഹായിച്ചത് ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയായിരുന്നു. ഒക്ടോബർ മുതൽ മേയ് വരെ അവിടെനിന്ന് വൈദ്യുതി ലഭിച്ചാൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഫയൽ നീങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.

അടുത്ത രണ്ട് മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് പുതിയ കെഎസ്ഇബി ചെയർമാൻ അറിയിച്ചതിനെ തുടർന്നാണ് ജിഎൻഎയുമായുള്ള കരാറിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നായിരുന്നു ബോർഡിൻ്റെ വിലയിരുത്തൽ.

കരാറിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്. കൂടാതെ, കരാർ റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന.

Related Posts