ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ എം ഡി എം എ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന പ്രതി ധനേഷ് എസ്. നായർ എന്ന ഡാനിയെ (ഡാനി ഭായ്) പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എം ഡി എം എയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. ഹരിപ്പാട് സ്വദേശിയായ ധനേഷ് മൈസൂരുവിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരു–മൈസൂരു മേഖലകളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എം ഡി എം എ എത്തിച്ച് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.

ആലുവയിൽ നിന്ന് 185 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായ ഹരികൃഷ്ണൻ കെ.എസ്. എന്നയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

യുവാക്കളെ ലഹരിക്കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബെംഗളൂരുവിലേക്കും പരിസരപ്രദേശങ്ങളിലേക്കും കൊണ്ടുപോകുന്നതായിരുന്നു ധനേഷിൻ്റെ രീതിയെന്നാണ് പോലീസ് പറയുന്നത്. അവിടെ നിന്ന് ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ച് വിവിധ മേഖലകളിലെ ഇടനിലക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഹരിവസ്തുക്കൾ കടത്തുന്ന രീതികൾ വ്യക്തമാക്കുന്ന വീഡിയോകളും ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെത്തി. വാഴക്കുലകൾക്കുള്ളിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചായിരുന്നു കടത്തെന്നും പോലീസ് അറിയിച്ചു. മൈസൂരുവിന് സമീപമുള്ള നഞ്ചൻഗോഡിൽ ധനേഷിന് വാഴത്തോട്ടങ്ങളും കൃഷിഭൂമികളും ഉണ്ടായിരുന്നതായും കൃഷിയുടെ മറവിൽ ലഹരിക്കടത്ത് നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു.

ഹരികൃഷ്ണൻ കെ.എസ്. ആലുവയിലെ ലോഡ്ജിൽ നിന്ന് 185 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായതിന് പിന്നാലെ ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷിനു സെബാസ്റ്റ്യനെ കൊച്ചിയിലെ തോപ്പുംപടിയിൽ നിന്ന് ഏഴ് ഗ്രാം എം ഡി എം എയുമായി പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസിൻ്റെ സഹകരണത്തോടെയായിരുന്നു നടപടി.

ധനേഷ്, ഇൻസ്റ്റഗ്രാം വഴി നൽകിയിരുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരി വിതരണം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഉപഭോക്താക്കൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകുകയും അതിലൂടെ ലഭിക്കുന്ന പണം ധനേഷിന് കൈമാറുകയും ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ധനേഷിൻ്റെ അറസ്റ്റോടെ ബെംഗളൂരു–മൈസൂരു മേഖലകളിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന വിതരണ ശൃംഖലയിലെ പ്രധാന ഉറവിടങ്ങളിലൊന്ന് കണ്ടെത്താനായെന്നാണ് പോലീസ് വിലയിരുത്തൽ. സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും ലഹരിവിതരണ ശൃംഖല പൂർണമായി തകർക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

Related Posts