ഇന്ത്യൻ റെയിൽവേയുടെ പാർസൽ സേവനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പുതിയ മൊബൈൽ ആപ്പ്. ‘റെയിൽ പാർസൽ ആപ്പ് – ഘർ സേ ഘർ തക്’ എന്ന സംവിധാനത്തിലൂടെ ഇനി വീടുകളിൽനിന്ന് തന്നെ പാർസലുകൾ അയയ്ക്കാനും ലക്ഷ്യസ്ഥാനത്ത് വീട്ടുപടിക്കൽ എത്തിക്കാനും കഴിയും. പാർസലുകൾ റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തിക്കേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
തുടക്കത്തിൽ ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, പുനെ തുടങ്ങി എട്ട് പ്രധാന നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. മലയാളികൾ ധാരാളമായി താമസിക്കുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഈ സംവിധാനം ഏറെ പ്രയോജനപ്പെടും.
ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ആപ്പുകൾക്കും വെബ് പ്ലാറ്റ്ഫോമിനും വഴി പാർസൽ ബുക്ക് ചെയ്യാം. ഓൺലൈനായി തന്നെ പണമടയ്ക്കാനും സൗകര്യമുണ്ടാകും. റെയിൽവേയുടെ ലോജിസ്റ്റിക്സ് സർവീസ് പ്രൊവൈഡർമാർ (എൽഎസ്പി) മുഖേനയാണ് വീടുകളിൽനിന്ന് പാർസലുകൾ ശേഖരിക്കുന്നതും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും.
പാർസൽ പാക്കിങ്, സ്റ്റോറേജ് തുടങ്ങിയ അധിക സൗകര്യങ്ങളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. പാർസൽ എവിടെയെത്തിയെന്ന് ആപ്പിലൂടെ തത്സമയം നിരീക്ഷിക്കാനും സേവനത്തിന് റേറ്റിങ് നൽകാനും അഭിപ്രായങ്ങൾ അറിയിക്കാനും കഴിയും.
മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് യൂസർ ഐഡി സൃഷ്ടിക്കണം. റീഫണ്ടിനായി ബാങ്ക് വിവരങ്ങളും നൽകണം. ബുക്കിങ് സമയത്ത് ലഭ്യമായ എൽഎസ്പികളിൽനിന്ന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം. പാർസലിന്റെയും അയയ്ക്കുന്ന റെയിൽവേ സ്റ്റേഷൻ്റെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനൊപ്പം ഇ-വേ ബിൽ, ഫോർവേഡിങ് നോട്ട് തുടങ്ങിയ രേഖകളും ഡിജിറ്റലായി സമർപ്പിക്കാം.
വീട്ടിൽനിന്നുള്ള പിക്കപ്പിനും ലക്ഷ്യസ്ഥാനത്തെ ഡെലിവറിക്കും ഒരേ എൽഎസ്പിയെ തന്നെ തിരഞ്ഞെടുക്കണം. റെയിൽവേ സ്റ്റേഷനുകളിലെത്താതെ തന്നെ പാർസൽ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനം യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാകും.