കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർന്നിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും പരിശോധനയ്ക്ക് ആവശ്യമായ നിയമപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവർ വ്യക്തമാക്കി.
രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ കർണാടകയിലെ ചില പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ കണ്ടെത്തിയെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. ബംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്.
അനുവദനീയമായ പരിധി ലംഘിച്ചെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട എണ്ണക്കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കർണാടക സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി റിസ്വാൻ അർഷാദ് കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാർ പുറത്തുവിട്ട പരിശോധനാഫലങ്ങളുടെ വിശ്വാസ്യതയിലാണ് എണ്ണക്കമ്പനികൾ സംശയം ഉന്നയിക്കുന്നത്. നിയമപരമായും സാങ്കേതികമായും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സാമ്പിളുകൾ പരിശോധിച്ചതെന്നാണ് മൂന്ന് കമ്പനികളും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചത്. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ IS 17021 മാനദണ്ഡങ്ങൾ പാലിച്ചാണ് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്നും കമ്പനികൾ വ്യക്തമാക്കി.
സാമ്പിളുകൾ ശേഖരിച്ച രീതി, അവ സൂക്ഷിച്ച വിധം, പരിശോധനയ്ക്ക് ഉപയോഗിച്ച സാങ്കേതികവിദ്യ എന്നിവയെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. 1955ലെ അവശ്യസാധന നിയമത്തിന് കീഴിൽ 2005ൽ പുറപ്പെടുവിച്ച മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ ഉത്തരവിലും 2024ലെ മാർക്കറ്റിങ് ഡിസിപ്ലിൻ മാർഗനിർദേശങ്ങളിലും സാമ്പിൾ ശേഖരണം മുതൽ പരിശോധനാഫലം കൈമാറുന്നതുവരെ പാലിക്കേണ്ട കൃത്യമായ നടപടികൾ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പിളുകൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും ഫലങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതിനും നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് കമ്പനികളുടെ പ്രധാന ആരോപണം.
അതേസമയം, പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലുകളും എണ്ണക്കമ്പനികളുടെ വിശദീകരണവും തമ്മിലുള്ള ഭിന്നത പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പരിശോധനാ നടപടികളുടെ വിശ്വാസ്യതയും ഇന്ധനത്തിൻ്റെ ഗുണനിലവാരവും സംബന്ധിച്ച തർക്കത്തിൽ ഇനി എന്ത് നടപടിയുണ്ടാകുമെന്നാണ് ശ്രദ്ധേയമാകുന്നത്.