വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്താനും കൃഷിയിലേക്ക് ആകർഷിക്കാനും സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ‘കതിര്’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും.
കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനുള്ള പദ്ധതി ഏറെ സന്തോഷകരവും പ്രാധാന്യമുള്ളതുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷിയാകണം കുട്ടികളുടെ ലഹരിയെന്നും മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണെന്നും മോഹൻലാൽ പറഞ്ഞു. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി കുട്ടികൾ മണ്ണിലേക്കിറങ്ങണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നടാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തൻ്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ്റെ പിന്തുണയും പദ്ധതിക്ക് വാഗ്ദാനം ചെയ്തു.
അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കതിര് കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പിൻ്റെ ലക്ഷ്യം. പദ്ധതിയുടെ നടത്തിപ്പിനായി നോഡൽ ഓഫീസർമാരെ നിയമിക്കും. ഉദ്യോഗസ്ഥർക്കുള്ള രണ്ടുദിവസത്തെ പരിശീലനവും തിരുവനന്തപുരത്ത് പൂർത്തിയാക്കിയിട്ടുണ്ട്.