ബെംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 5, 6 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനത്തെ തുടർന്നാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ സജീവമാകുന്നത്.
ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
ബെംഗളൂരുവിൽ വ്യാഴാഴ്ച പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകുന്നേരത്തോടെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.