മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ധീരമായി നേരിട്ട് വീട്ടമ്മ. മോഷ്ടാവിൻ്റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടാണ് 61കാരിയായ പ്രസന്നകുമാരി പ്രതിയുടെ രക്ഷപ്പെടൽ തടഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.
മേലേക്കോണം കുഴിപ്പഴിഞ്ഞി വീട്ടിൽ പ്രസന്നകുമാരിയാണ് സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ കുടുക്കിയത്. സംഭവത്തിൽ ആറയൂർ ചാവല്ലൂർ പൊറ്റ കരിമൺവിള വീട്ടിൽ വിജയദാസിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് പരശുവയ്ക്കൽ ആടുമൻകാട് ആടുവളർത്തൽ കേന്ദ്രത്തിനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പ്രസന്നകുമാരിയുടെ സമീപത്തെത്തിയ വിജയദാസ് സ്കൂട്ടറിൽ നിന്നിറങ്ങി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ കയറി അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ ഒട്ടും പതറാതെ പ്രസന്നകുമാരി മോഷ്ടാവിൻ്റെ സ്കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ടു. വാഹനം തോട്ടിൽ വീണതോടെ പരിഭ്രാന്തനായ പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പ്രസന്നകുമാരിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ഇയാളെ വളഞ്ഞുപിടിച്ച് തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.