സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചോദ്യംചെയ്യലിൽ പിഎസ്സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴികൾ ചെയർമാനെതിരായതോടെയാണ് അന്വേഷണസംഘം പുതിയ നടപടിക്കൊരുങ്ങുന്നത്. ചെയർമാൻ വ്യക്തിപരമായി തീരുമാനങ്ങളെടുത്തതായും ചട്ടങ്ങൾ ലംഘിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് വിവരം.
കേസിൽ നേരത്തെ എം.ആർ. ബൈജുവിനെ ചോദ്യംചെയ്തിരുന്നെങ്കിലും ഈയാഴ്ച ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും (എസ്ഐടി) വീണ്ടും ചോദ്യംചെയ്യും. അദ്ദേഹത്തെ പ്രതിചേർക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ കൃത്യമായ നിയമോപദേശം തേടിയശേഷമായിരിക്കും.
പിഎസ്സി പരീക്ഷകൾക്കായി ചോദ്യപ്പേപ്പർ തയാറാക്കുന്ന അംഗങ്ങളുടെ പാനൽ നിശ്ചയിക്കുന്നതും മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതും ചെയർമാൻ നേരിട്ടാണെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. പരീക്ഷാനടത്തിപ്പിലെ ഇത്തരം ഇടപെടലുകൾ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ചെയർമാനെ കേസിൽ പ്രതിചേർക്കാൻ നീക്കം നടക്കുന്നത്.