അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്ഐആർ) നടപടിക്കു പിന്നാലെ വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനം കുറവ്. 18.71 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 2.29 കോടി കുറഞ്ഞ് 16.43 കോടിയായി.

ഏറ്റവും കൂടുതൽ കുറവുണ്ടായത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്ത് 15.44 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 13.40 കോടിയായി കുറഞ്ഞു. പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായും ഉത്തരാഖണ്ഡിൽ 80 ലക്ഷത്തിൽനിന്ന് 72 ലക്ഷമായും വോട്ടർമാരുടെ എണ്ണം കുറഞ്ഞു.

പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ അന്തിമ വോട്ടർപട്ടികയിൽ 2.04 കോടി പേരുടെ കുറവാണുള്ളത്. കരട് പട്ടികയിൽനിന്ന് നീക്കം ചെയ്ത 2.89 കോടി പേരിൽ 84 ലക്ഷത്തോളം പേരെ അന്തിമ പട്ടികയിൽ തിരിച്ചുചേർത്തു.

മണിപ്പൂരിൽ 20.90 ലക്ഷത്തിൽനിന്ന് 19.61 ലക്ഷമായും ഗോവയിൽ 11.85 ലക്ഷത്തിൽനിന്ന് 10.58 ലക്ഷമായും വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാക്കുന്ന യുവാക്കൾക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. പട്ടികയിൽനിന്ന് ഒഴിവായ അർഹരായവർക്കും പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണത്തിലൂടെ പേര് ഉൾപ്പെടുത്താം.

Related Posts