നേപ്പാളിലെ സൊളൂഖുംബു ജില്ലയിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. 47 വയസ്സുള്ള വസന്ത് കുമാർ ബലരാമരാമദുവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഖുംബു പസാങ് ലാമു റൂറൽ മുനിസിപ്പാലിറ്റിയിലെ ഫെരിചെയിലായിരുന്നു അപകടം.

ഫിഷ്‌ടെയിൽ എയർ, എയർ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് ലാൻഡിങ്ങിനിടെ കൂട്ടിയിടിച്ച് തകർന്നത്. ഫിഷ്‌ടെയിൽ എയർ ഹെലികോപ്റ്ററിലുണ്ടായിരുന്ന വസന്ത് കുമാറിൻ്റെ മരണം പൊലീസ് സ്ഥിരീകരിച്ചു.

അതേ ഹെലികോപ്റ്ററിലുണ്ടായിരുന്ന ന്യൂസിലൻഡ് നിവാസിയായ ഇന്ത്യൻ വംശജൻ ശൈലേഷ് കൃഷ്ണ പട്ടേലിന് (49) പരിക്കേറ്റു. രണ്ട് പൈലറ്റുമാർക്കും പരിക്കേറ്റിട്ടുണ്ട്. ലാൻഡിങ്ങിനായി കാത്തുനിന്നവരിൽ ചിലരും അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.

എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള പാതയിലാണ് ഫെരിചെ ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ഒരു ഹെലികോപ്റ്റർ പൂർണമായും തകർന്നു. ഇരു ഹെലികോപ്റ്ററുകളിലുമായി എത്ര പേർ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

Related Posts