നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതും പ്രവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് കല ബാംഗ്ലൂർ. ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കേണ്ട സാഹചര്യത്തിൽ പ്രീമിയം വർധിപ്പിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.

നോർക്ക ഇൻഷുറൻസ് വർധനവിനെതിരെ കല ബാംഗ്ലൂരിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. കലയുടെ ജോയിന്റ് സെക്രട്ടറി തോമസ് എം.എം.അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ട പദ്ധതികൾ അവർക്കുതന്നെ സാമ്പത്തിക ഭാരമായി മാറരുതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ജീവിതസാഹചര്യങ്ങളും സാമ്പത്തിക പ്രയാസങ്ങളും പരിഗണിച്ച് ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണമെന്നും എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സുമേഷ് സി.എസ്, അനിൽ കുമാർ മാഗടി, മഹേഷ് വൈറ്റ് ഫീൽഡ്, സന്തോഷ് നല്ലകണ്ടി, മനേഷ് കുമാർ, ഷോണിമ അനീഷ്, അഞ്ജലി അനിൽകുമാർ എന്നിവർ പ്രതിഷേധ സമ്മേളനത്തിൽ സംസാരിച്ചു. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമപദ്ധതികളും സംരക്ഷിക്കുന്നതിനായി കൂട്ടായ പ്രതിഷേധങ്ങളും ഇടപെടലുകളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പ്രസംഗകർ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതികൾ കൂടുതൽ ജനകീയവും പ്രവാസിസൗഹൃദവുമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തുടർ പ്രവർത്തനത്തിനായി കലയുടെ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയ സമ്മേളനം വരും ദിവസങ്ങളിൽ ബാംഗ്ലൂരിലും കേരളത്തിലും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും വ്യക്തമാക്കി.

Related Posts