ബെംഗളൂരുവിലെ ബിഡദി ഇന്റഗ്രേറ്റഡ് ടൗൺഷിപ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ രണ്ട് ഗ്രാമങ്ങളിൽ കൂടി 1,895 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ബൈരമംഗല, കഞ്ചുഗാരനഹള്ളി ഗ്രാമങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ മറ്റ് ഏഴ് ഗ്രാമങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനും സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്തെ കർഷകർ 550 ദിവസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അഭിപ്രായങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ സമിതിയുടെ നടപടികൾക്കായി കാത്തുനിൽക്കാതെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കർഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സർക്കാരിൻ്റെ നടപടി വഞ്ചനാപരമാണെന്ന് വിവിധ കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സൂചനയുണ്ട്. കർഷക സമരത്തിന് പിന്തുണയുമായി ജനതാദൾ എസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

ബെംഗളൂരു നഗരത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബിഡദിയിൽ ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (ജിബിഡിഎ) 18,133 കോടി രൂപയുടെ ടൗൺഷിപ് പദ്ധതി നടപ്പാക്കുന്നത്. ബെംഗളൂരു സൗത്ത്, രാമനഗര താലൂക്കുകളിലെ ഒൻപത് ഗ്രാമങ്ങളിലായി ആകെ 7,481 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.

Related Posts