ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവിലെ സർ എം.വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി.കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, വി.സോമണ്ണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ ഐടി, സ്റ്റാർട്ടപ്പ് കേന്ദ്രമായ ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിൻ ഏകദേശം 16 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസവും മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെ ആറുദിവസവും സർവീസ് നടത്തും.

അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. വടക്കൻ കർണാടകയിലെ ഇതുവരെ മികച്ച നിലവാരത്തിലുള്ള ട്രെയിൻ സർവീസുകൾ ലഭിക്കാത്ത പ്രദേശങ്ങളെയും പുതിയ സർവീസ് ബന്ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ബെംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ എന്നിവയെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ദക്ഷിണ ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം 73 മിനിറ്റായി കുറയും. ബെംഗളൂരു–മംഗളൂരു വന്ദേഭാരത് സർവീസും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പറിലുള്ളത്. സൗകര്യപ്രദമായ ബെർത്തുകൾ, റീഡിങ് ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, വിശാലമായ ലഗേജ് ഇടം എന്നിവ ഒരുക്കിയിട്ടുണ്ട്. ടച്ച് ഫ്രീ ബയോ വാക്വം ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, ഇൻഫോടെയ്ൻമെന്റ് സംവിധാനം, ജിപിഎസ് അധിഷ്ഠിത യാത്രാ വിവരങ്ങൾ എന്നിവയും ലഭ്യമാണ്.

ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള ഷവർ സൗകര്യവുമുണ്ട്. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ, തീപിടിത്തം കണ്ടെത്താനുള്ള സംവിധാനം, അടിയന്തര ആശയവിനിമയ സൗകര്യങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Related Posts