ബെംഗളൂരു മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ ഒരു മാസം നീണ്ടുനിന്ന കൊന്തമാസ ആചരണങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ഇന്നലെ വൈകിട്ട് 5.30ന് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടന്ന ജപമാലയോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമായത്. സെൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റി, യുവജന സംഘടനയായ സാബിയോ, നഴ്സസ് മിനിസ്ട്രി, മതബോധന അധ്യാപകർ, വിദ്യാർഥികൾ, ഗുഡ് സമരിറ്റൻ മിനിസ്ട്രി എന്നിവർ ജപമാലയ്ക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി ഫാ. ആൽബിൻ താന്നിനിൽക്കുംതടത്തിൽ സഹകാർമികനായി. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണവും നേർച്ച വിതരണവും നടന്നു. ഒക്ടോബർ 1 മുതൽ 20 വരെ ഇടവകാംഗങ്ങളുടെ ഭവനങ്ങളിലും 21 മുതൽ 31 വരെ വിവിധ വാർഡുകളിലും ഭക്തസംഘടനകളുടെ നേതൃത്വത്തിലുമാണ് ജപമാല പ്രാർഥനകൾ സംഘടിപ്പിച്ചത്.
വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശ്ശേരിൽ സി.എം.എഫ്, സഹവികാരി ഫാ. ആൽബിൻ താന്നിനിൽക്കുംതടത്തിൽ സി.എം.എഫ്, ട്രസ്റ്റിമാരായ സി.എ.ചാക്കോച്ചൻ, വി.ഐ.ആന്റോ, കെ.ജെ.ഹെൻറി, സണ്ണി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.