ബെംഗളൂരുവിന് ചുറ്റുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ( ആർ ആർ ടി എസ്) പദ്ധതിക്കായി കേന്ദ്രാനുമതി തേടി കർണാടക. ഇത് സംബന്ധിച്ച് നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. നെലമംഗല – തുംകൂർ, ബിഡാദി – മൈസൂർ, ഹാരോ ഹള്ളി – കനകപുര, ബാംഗ്ലൂർ വിമാനത്താവളം-ചിക്കബല്ലാപ്പൂർ, ഹോസ്കോട്ടെ – കോലാർ എന്നിവിടങ്ങളിൽ ആർ ആർ ടി എസ് ഇടനാഴികൾ സ്ഥാപിക്കണമെന്നാണ് കർണാടകത്തിൻ്റെ ആവശ്യം.
ബാംഗ്ളൂരിൽ നിന്ന് നാല് അർദ്ധ അതിവേഗ ഇടനാഴികൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നമോ ഭാരത് വികസിപ്പിച്ച നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) സർക്കാരിന് സമർപ്പിച്ചിരുന്നു. ബാംഗ്ലൂർ – മൈസൂരു (145 കി.മീ), ബാംഗ്ലൂർ – തുംകൂർ (60 കി മീ), ബാംഗ്ലൂർ – ഹോസ്കോട്ടെ- കോലാർ (65 കി മീ), ബാംഗ്ലൂർ – ഹോസൂർ – കൃഷ്ണഗിരി – ധർമ്മപുരി (138 കി.മീ, തമിഴ്നാട്ടിലേക്ക് വ്യാപിക്കുന്നു) എന്നിവയാണ് ഈ നാല് പാതകൾ.
അതിവേഗ ഇടനാഴിയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായിരിക്കും. നിർദ്ദേശമനുസരിച്ച് ബാംഗ്ലൂർ – മൈസൂർ യാത്ര 1.40 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനാവും. ബാംഗ്ലൂർ – തുംകൂർ യാത്രയ്ക്ക് 42 മിനിറ്റും മതിയാകും. ഈ ഇടനാഴികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കാൻ എൻ സി ആർ ടി സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ 60 ശതമാനം ധനസഹായം ബഹുമുഖ ഏജൻസികളിൽനിന്നും ബാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുമാണ് കണ്ടെത്തുക.