മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടികൾ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും സമീപകാല തിരഞ്ഞെടുപ്പുകളിലും ക്രമക്കേടുകൾ നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ നടപടികൾക്ക് അധ്യക്ഷത വഹിച്ചു.
പാർലമെന്റിൻ്റെ യഥാർത്ഥ നടപടിക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതീകാത്മക വിചാരണ. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൻ്റെ മാതൃകയിൽ വേദിയും ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. ലോക്സഭയും രാജ്യസഭയും സംയുക്തമായി സമ്മേളിക്കുന്ന രീതിയിൽ പുൽത്തകിടിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയും മീരാ കുമാറിന് പ്രത്യേക അധ്യക്ഷസ്ഥാനവും ഒരുക്കുകയും ചെയ്തു.
ഗ്യാനേഷ് കുമാറിനെതിരെ നിരവധി ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിച്ചെന്നും സുപ്രീംകോടതിയിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചെന്നും തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരായ പൗര കുറ്റപത്രവും പരിപാടിയിൽ അവതരിപ്പിച്ചു.
ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്കു പുറമെ മുൻ സുപ്രീംകോടതി ജഡ്ജിമാർ, നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരും പ്രതീകാത്മക പാർലമെന്ററി നടപടികളിൽ പങ്കെടുത്തു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഖാർഗെയുടെ വസതിക്ക് മുന്നിലും ഡൽഹിയിലെ പ്രധാന മേഖലകളിലും സുരക്ഷ ശക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിൻ്റെ നീക്കത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി. യഥാർത്ഥ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി തനിക്ക് ഇഷ്ടമുള്ള പാർലമെന്റിൽ ഇരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിൻ്റെ മഹാറാലിക്ക് മുന്നോടിയായാണ് പ്രതീകാത്മക പാർലമെന്റ് സമ്മേളനം സംഘടിപ്പിച്ചത്. വിവിധ മുഖ്യമന്ത്രിമാരും പ്രമുഖ പ്രതിപക്ഷ നേതാക്കളും റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾക്കൊപ്പം ‘കോക്ക്റോച്ച് ജനത പാർട്ടി’ ഉൾപ്പെടെയുള്ള സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള ചില സംഘടനകൾ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമല്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.