ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീന സുൽത്താനയെ ഏപ്രിൽ 1 നു ആയിരുന്നു എക്സൈസ് പിടികൂടുന്നത്. നടന്മാരായ ശ്രീനാഥ് ഭാസി,ഷൈൻ ടോം ചാക്കോ എന്നിവർക്ക് ലഹരി കൈമാറിയെന്ന് തസ്ലീന സുൽത്താന എക്സൈസിന് മൊഴി നൽകിയിരുന്നു.
തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താൻ ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും കേസ് വ്യാജവും കെട്ടിച്ചമച്ചതാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് അറസ്റ്റ് ചെയ്താൽ മുടങ്ങുമെന്നും ഏത് ജാമ്യാവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും മുൻകൂർ ജാമ്യം ദുരുപയോഗം ചെയ്യില്ലെന്നും കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എക്സൈസിന് താരങ്ങളുമായുള്ള ചില വാട്സാപ്പ് ചാറ്റുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം താരങ്ങളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ്, എക്സൈസ് സംഘങ്ങള്‍ വ്യക്തമാക്കി.