മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ കർശന നിയമങ്ങളും ഉയർന്ന പിഴയും നിലവിലുണ്ടെങ്കിലും ഇത്തരം കേസുകളിൽ പ്രതികൾ അർഹമായ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതായി ആക്ഷേപം. റോഡപകടങ്ങളിൽ മരണത്തിനും ഗുരുതര പരിക്കുകൾക്കും കാരണമാകുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് കേസുകൾ അദാലത്തുകളിൽ സാധാരണ പെറ്റിക്കേസുകൾക്കൊപ്പം പരിഗണിക്കപ്പെടുന്നതും ആശങ്കയാകുന്നു.

മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യ തവണ 10,000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ടുവർഷം വരെ തടവും ലഭിക്കാം. അശ്രദ്ധമായി വാഹനമോടിക്കുന്നതിന് 279-ാം വകുപ്പും ചുമത്താറുണ്ട്.

എന്നാൽ കേസുകൾ കോടതിയിലെത്തിയിട്ടും പ്രതികൾ ഹാജരാകാതെ വാറണ്ട് നിലവിൽ വരുന്നതോടെ പലരും ഒളിവിൽ കഴിയുകയാണ്. പിന്നീട് അദാലത്തുകളിലെത്തുന്ന ഇത്തരം കേസുകളിൽ കോടതി പിരിയുന്നതുവരെ തടവ് എന്ന ഔപചാരിക ശിക്ഷയിലോ കുറഞ്ഞ പിഴയിലോ ഒതുങ്ങുന്നതായും വിമർശനമുണ്ട്. ഇതോടെ കുറ്റവാളികൾക്ക് കാര്യമായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു.

ബ്രീത്ത് അനലൈസർ പരിശോധനയിൽ 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാൽ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാം. കുറ്റം തെളിയിക്കുന്നതിനായി സമയബന്ധിതമായ പരിശോധനകളും നടപടിക്രമങ്ങളും ആവശ്യമാണ്. ഇതിനായി പൊലീസിന് വലിയ തോതിൽ സമയവും മനുഷ്യവിഭവശേഷിയും ചെലവഴിക്കേണ്ടിവരുന്നുണ്ട്.

കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നതും നടപടികൾ വൈകുന്നതും ഇവ അദാലത്തുകളിലേക്ക് എത്താൻ കാരണമാകുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ ലോക് അദാലത്തുകളും മെഗാ അദാലത്തുകളും സഹായിക്കുന്നുണ്ടെങ്കിലും മദ്യപിച്ച് വാഹനമോടിക്കൽ പോലുള്ള ഗുരുതര നിയമലംഘനങ്ങൾ സാധാരണ പെറ്റിക്കേസുകൾക്കൊപ്പം പരിഗണിക്കുന്നത് നിയമത്തിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

കോടതികളുടെ ജോലിഭാരം കുറയ്ക്കാനും സമയവും സാമ്പത്തിക ചെലവും ലാഭിക്കാനും അദാലത്തുകൾ സഹായകരമാണ്. എന്നാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Posts