സംസ്ഥാനവ്യാപകമായി കുടിവെള്ള ഉൽപാദന യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പരാതികളുടെ അടിസ്ഥാനത്തിൽ 45 യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ശുചിത്വമില്ലാത്ത സാഹചര്യങ്ങൾ, ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ അഭാവം, എഫ്എസ്എസ്എഐ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പരിശോധനയിൽ കണ്ടെത്തി.

കുടിവെള്ളത്തിൻ്റെ ലേബലിങ്ങിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ബാക്ടീരിയ നിയന്ത്രണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിൽ ചില യൂണിറ്റുകൾ പരാജയപ്പെട്ടതായും അധികൃതർ അറിയിച്ചു. പരിശോധനയുടെ ഭാഗമായി 32 കുടിവെള്ള സാമ്പിളുകൾ സർക്കാർ ഭക്ഷ്യപരിശോധനാ ലബോറട്ടറികളിലേക്ക് അയച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ 24 യൂണിറ്റുകൾക്ക് നോട്ടീസ് നൽകി.

മൈസൂരു, ദാവൻഗരെ എന്നിവിടങ്ങളിലെ യൂണിറ്റുകളിൽനിന്ന് തെറ്റായ ബ്രാൻഡിൽ പായ്ക്ക് ചെയ്ത കുടിവെള്ളവും പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് കോലാർ ജില്ലയിലെ മുൾബാഗലിലുള്ള ഒരു യൂണിറ്റ് അടച്ചുപൂട്ടുകയും ചെയ്തു.

കുപ്പിവെള്ളം വാങ്ങുമ്പോൾ എഫ്എസ്എസ്എഐ ലൈസൻസ് നമ്പർ, ഐഎസ്ഐ മാർക്ക്, നിർമാണ തീയതി, കുപ്പിയുടെ സീൽ എന്നിവ പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

Related Posts