കേരളത്തിലൂടെയും മംഗളൂരു മേഖലയിലൂടെയും സർവീസ് നടത്തുന്ന മലബാർ, മാവേലി, പരശുറാം, ഏറനാട് എക്സ്പ്രസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളുടെ നമ്പർ മാറുന്നു. എക്സ്പ്രസ്, വന്ദേഭാരത്, പാസഞ്ചർ ട്രെയിനുകൾക്കാണ് പുതിയ നമ്പറുകൾ അനുവദിച്ചിരിക്കുന്നത്. 2027 ജനുവരി ഒന്നുമുതൽ മാറ്റം പ്രാബല്യത്തിൽ വരും. രാമേശ്വരം സർവീസുകളിലെ മാറ്റം ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് നിലവിൽ വരുന്നത്.

മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയിൽ (SWR) ലയിപ്പിക്കുന്നതിന്റെ ഭാഗമായി മൈസൂരു, പാലക്കാട് റെയിൽവേ ഡിവിഷനുകൾ തമ്മിലുള്ള അധികാരപരിധി പുനഃക്രമീകരിക്കുന്നതാണ് നമ്പർ മാറ്റത്തിന് കാരണം. ട്രെയിനുകളുടെ നിലവിലെ സ്റ്റോപ്പുകളിലും അറ്റകുറ്റപ്പണി ക്രമത്തിലും മാറ്റമുണ്ടാകില്ല.
പ്രധാന ട്രെയിനുകളുടെ പുതിയ നമ്പറുകൾ


ട്രെയിൻ പഴയ നമ്പർ പുതിയ നമ്പർ
തിരുവനന്തപുരം–മംഗളൂരു മലബാർ 16629 16230
മംഗളൂരു–തിരുവനന്തപുരം മലബാർ 16630 16229
മംഗളൂരു–തിരുവനന്തപുരം മാവേലി 16603 16233
തിരുവനന്തപുരം–മംഗളൂരു മാവേലി 16604 16234
മംഗളൂരു–കന്യാകുമാരി പരശുറാം 16649 16249
കന്യാകുമാരി–മംഗളൂരു പരശുറാം 16650 16250
മംഗളൂരു–തിരുവനന്തപുരം ഏറനാട് 16605 16237
തിരുവനന്തപുരം–മംഗളൂരു ഏറനാട് 16606 16238
മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് 20631 26659
തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് 20632 26660

മംഗളൂരു–കോയമ്പത്തൂർ എക്സ്പ്രസ് 16324ൽനിന്ന് 16243 ആയും മടക്ക സർവീസ് 16323ൽനിന്ന് 16244 ആയും മാറും. മംഗളൂരു–പാലക്കാട് എക്സ്പ്രസിന്റെ പുതിയ നമ്പർ 16245 ആണ്. പാലക്കാട്–കണ്ണൂർ എക്സ്പ്രസ് 16611ൽനിന്ന് 16246 ആയും മാറും.

കണ്ണൂർ–കോഴിക്കോട്, കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിനുകളുടെ പുതിയ നമ്പറുകൾ യഥാക്രമം 56211, 56212 എന്നിവയാണ്. കണ്ണൂർ–ചെറുവത്തൂർ പാസഞ്ചർ 56213 ആയും ചെറുവത്തൂർ–മംഗളൂരു പാസഞ്ചർ 56214 ആയും മാറും. മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് സർവീസുകളുടെയും വിവിധ പാസഞ്ചർ ട്രെയിനുകളുടെയും നമ്പറുകളും പുനഃക്രമീകരിക്കും.

യാത്രക്കാർ ശ്രദ്ധിക്കണം

നമ്പർ മാറ്റം ടിക്കറ്റ് ബുക്കിങ്ങിനെയും യാത്രാ ആസൂത്രണത്തെയും ബാധിക്കാനിടയുള്ളതിനാൽ യാത്രയ്ക്കുമുമ്പ് പുതുക്കിയ ട്രെയിൻ നമ്പറും സമയക്രമവും പരിശോധിക്കണം. റിസർവ് ചെയ്ത യാത്രക്കാർക്ക് SMS വഴി അറിയിപ്പ് നൽകാനും റെയിൽവേ സ്റ്റേഷനുകളിൽ അനൗൺസ്മെന്റ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്.

Related Posts