കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ സ്പെയിനിൻ്റെ അലക്സിയ പ്യുട്ടയാസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് അലക്സിയയെ പുരസ്കാരത്തിന് അർഹയാക്കിയത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് നൽകുന്ന പുരസ്കാരം തുടർച്ചയായ മൂന്നാം തവണയാണ് 19കാരനായ യമാൽ നേടിയത്. വനിതാ യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസിനാണ്. 2025ലും വിക്കി ലോപ്പസിനായിരുന്നു ഈ പുരസ്കാരം.

സ്പെയിൻ ദേശീയ ടീമിൻ്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. പെരെ റോമിയുവാണ് മികച്ച വനിതാ പരിശീലകൻ. സ്പെയിൻ താരം ഉനായ് സിമോൻ മികച്ച പുരുഷ ഗോൾകീപ്പറായപ്പോൾ വനിതാ വിഭാഗത്തിൽ കാറ്റലീന തോമസിന് പുരസ്കാരം ലഭിച്ചു.

പുരുഷ വിഭാഗത്തിലെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ ബാഴ്സലോണയാണ് മികച്ച ക്ലബ്. മികച്ച പുരുഷ സ്ട്രൈക്കറായി ഹാരി കെയ്‌നും വനിതാ സ്ട്രൈക്കറായി മെക്സിക്കൻ താരം വെറോണിക്ക ചാർലിൻ കോറലും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ സമയം പുലർച്ചെ ലണ്ടനിലായിരുന്നു പുരസ്കാരദാനച്ചടങ്ങ്. ബാലൺ ഡി ഓർ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിന് പുറത്തുള്ള വേദിയിൽ ചടങ്ങ് നടക്കുന്നത്. 1956ൽ ആദ്യ ബാലൺ ഡി ഓർ നേടിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് ലണ്ടനിലെ ലണ്ടൻ പാലാഡിയം തിയേറ്റർ വേദിയായി തെരഞ്ഞെടുത്തത്.

മികച്ച പുരുഷ-വനിതാ താരങ്ങൾക്കു പുറമേ യുവതാരങ്ങൾ, ഗോൾകീപ്പർമാർ, പരിശീലകർ, ക്ലബ്ബുകൾ, സ്ട്രൈക്കർമാർ എന്നിവർക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സോക്രട്ടീസ് അവാർഡും ഉൾപ്പെടെ 13 പുരസ്കാരങ്ങളാണ് ചടങ്ങിൽ സമ്മാനിച്ചത്.

Related Posts