നവംബർ ഒന്നിന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ച പ്രതിഷേധ റാലിക്ക് മുന്നോടിയായി ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ക്രമസമാധാന നിലയും സുരക്ഷാ മുന്നൊരുക്കങ്ങളും അവലോകനം ചെയ്തു.

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിൻ്റെ 250ലധികം കമ്പനികളെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ പട്രോളിങ് ശക്തമാക്കാനും സിസിടിവി, നിർമിതബുദ്ധി സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകളുണ്ടെന്ന ആരോപണവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമാണ് ഇന്ത്യാ മുന്നണിയുടെ സമരത്തിന് പിന്നിൽ. ഒക്ടോബർ 30ന് പ്രതീകാത്മക പ്രതിഷേധ പരിപാടിയും നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് വൻ റാലിയും നടത്താനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം.

Related Posts