റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാരായതിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും മികച്ച ടീമായിരുന്നു അവരുടേതെന്നും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സൂപ്പർ കിങ്സ് പഴയ പ്രതാപം വീണ്ടെടുക്കുമോയെന്ന ചോദ്യത്തിന് 2027 സീസൺ ടീമിന് മികച്ചതായിരിക്കുമെന്ന് ധോണി പ്രത്യാശ പ്രകടിപ്പിച്ചു.
ഏത് ചാമ്പ്യൻ ടീമിനും കരിയറിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് ധോണി പറഞ്ഞു. ജീവിതത്തിലെന്നപോലെ കായികരംഗത്തും ഉയർച്ചയും താഴ്ചയുമുണ്ടാകും. എന്നാൽ ടീം എന്ന നിലയിൽ കഠിനാധ്വാനം ചെയ്താൽ പ്രതിസന്ധികളെ മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരിച്ചടികളിലൂടെയാണ് കൂടുതൽ കാര്യങ്ങൾ പഠിക്കാനാകുന്നതെന്നും ധോണി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മോശം പ്രകടനത്തിലൂടെ കടന്നുപോയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് മികച്ച ടീമുകളിലൊന്നായി മാറിയത് തിരിച്ചടികളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ് മികച്ച ടീമെന്ന ചർച്ചയ്ക്ക് വലിയ പ്രസക്തിയില്ലെന്നും മത്സരദിവസം കളിക്കളത്തിൽ എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് പ്രധാനമെന്നും ധോണി വ്യക്തമാക്കി. ചെറിയ ഫോർമാറ്റിൽ ടീമുകൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞിട്ടുണ്ടെന്നും എല്ലാ ടീമുകൾക്കും മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.