അരുണാചൽ പ്രദേശിൽ നിർദിഷ്ട സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാസിഘട്ടിൽ എൻഎച്ച്പിസി ഓഫിസിനും പൊലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടതായും രാഷ്ട്രീയ നേതാക്കളുടെ വീടുകൾ ആക്രമിച്ച് കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്. കല്ലേറിൽ 40ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

11,200 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങളും സർവേകളും നിർത്തിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പദ്ധതി നടപ്പാക്കുന്നതിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും കൃഷിയിടങ്ങൾ നഷ്ടപ്പെടുമെന്നും പരിസ്ഥിതിക്കും ആദിവാസി സമൂഹങ്ങളുടെ ജീവിതരീതിക്കും തിരിച്ചടിയുണ്ടാകുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു. ജനങ്ങളുമായി ചർച്ച നടത്തണമെന്നും സുരക്ഷാസേനയെ പിൻവലിക്കണമെന്നും പ്രതിഷേധ സംഘടനകൾ ആവശ്യപ്പെട്ടു.

സംഘർഷത്തെ തുടർന്ന് പാസിഘട്ട്, മെബോ, റുക്സിൻ മേഖലകളിൽ പൊതുയോഗങ്ങൾക്കും റാലികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സമാധാനം നിലനിർത്താനും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും മുഖ്യമന്ത്രി പേമ ഖണ്ഡു ജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം, അണക്കെട്ട് നിർമാണത്തിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം. നിലവിൽ സാധ്യതകൾ വിലയിരുത്തുന്നതിനുള്ള പ്രാഥമിക സാങ്കേതിക പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ചൈന വൻ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തിൽ സിയാങ് പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

Related Posts