ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും ദൈവദശകവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 25ന് ആഗോളതലത്തിൽ ദൈവദശകം ആലാപന പരിപാടി സംഘടിപ്പിക്കുന്നു. ജർമനി ആസ്ഥാനമായി ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 50 രാജ്യങ്ങളിൽനിന്നായി പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഒക്ടോബർ 25 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.15നാണ് ദൈവദശകം ആലപിക്കുന്നത്. ഡോ.വരുൺ രാധാകൃഷ്ണനാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. “ഒരു ഗുരു, ഒരു ദർശനം, ഒരു ലോകം” എന്ന സന്ദേശത്തിലൂടെ ഗുരുദേവൻ്റെ മാനവിക ദർശനം ലോകജനതയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ബെംഗളൂരുവിലും വിവിധ ശ്രീനാരായണീയ സംഘടനകളുടെ നേതൃത്വത്തിൽ പരിപാടിക്കായി ഒരുക്കങ്ങൾ നടക്കുന്നു. മലയാളികൾക്കു പുറമേ ആര്യ, ഈഡിഗ, ബില്ലവ സമുദായങ്ങളിൽനിന്നായി പതിനായിരത്തിലധികം പേർ ദൈവദശകം ആലപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ പ്രചാരണത്തിനും ഏകോപനത്തിനുമായി അഡ്വ. ഇ.കെ.തങ്കപ്പൻ ചെയർമാനും പൂജാരി മനോജ് വിശ്വനാഥൻ കോ-ഓർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു. ലീലാ പീതാംബരനാണ് ഉപദേഷ്ടാവ്. സുജിത്ത് എൻ. ശശി, അജയ് ഗോപിനാഥ്, സുജിത്ത് ചാണാടിക്കൽ, ഷിജിൽ എം. എന്നിവർ സോഷ്യൽ മീഡിയയുടെ ചുമതല വഹിക്കും.

ബെംഗളൂരുവിൽനിന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരിൽ ഒരാൾക്ക് നറുക്കെടുപ്പിലൂടെ ഒൻപത് ഇഞ്ച് വലുപ്പമുള്ള ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹം സമ്മാനമായി നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9341240876 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related Posts