നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിനി ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. ജോൺ എസ് റാൽഫിൻ്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകി.

അതിനിടെ, കേസിലെ പ്രതി സുഹൈൽ സജീവ് എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷിൻ്റെ വീട്ടിലെത്തി പ്രത്യേക അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മടക്കിമലയിലെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ദേവികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

അപകടത്തിൽ മരിച്ച ഗോപികയുടെയും കർണാടക സുള്ള്യ സ്വദേശിയായ ഇയാസിൻ്റെയും കുടുംബാംഗങ്ങളുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. കേസ് അട്ടിമറിക്കപ്പെടുമോ എന്നതടക്കമുള്ള ആശങ്കകൾ ദേവികയുടെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു.

ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ ദേവിക സന്തോഷ്, ഗോപിക, ഇയാസ് എന്നിവർ തൽക്ഷണം മരിച്ചിരുന്നു. അപകടത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 19കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Related Posts