മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിച്ചെന്ന കേസിൽ തൻ്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് വനിതാ എസ്‌ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നൽകി. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുവീണെന്ന തരത്തിൽ താൻ മൊഴി നൽകിയിട്ടില്ലെന്നും ആദ്യ അന്വേഷണ സംഘം തൻ്റെ മൊഴിയെടുത്തിട്ടുപോലുമില്ലെന്നും മുൻ കണ്ണൂർ ടൗൺ എസ്‌ഐയായ ദീപ്തി വ്യക്തമാക്കിയെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
കേസിൽ മൊഴി തിരുത്തിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്ത് എസ്‌ഐടി ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. പ്രതിഷേധക്കാർ ആയുധമുപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു അഭിലാഷ് ആദ്യം നൽകിയ മൊഴി. എന്നാൽ, എസ്‌ഐടിക്ക് മുന്നിൽ നൽകിയ പുതിയ മൊഴിയിൽ ആക്രമണശ്രമം നേരിട്ട് കണ്ടിട്ടില്ലെന്ന് ഇയാൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
വീണാ ജോർജിൻ്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി വിവരമുണ്ട്. ഗൺമാൻ്റെ മൊഴിമാറ്റം എസ്‌ഐടി ഗൗരവത്തോടെയാണ് കാണുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.
സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും എംഎൽഎയുമായ അബിൻ വർക്കിയും രംഗത്തെത്തി.
കേസിൽ പ്രതികളായ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. എസ്‌ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിച്ചത്.
ഗൺമാൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെയും മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകളുണ്ടായെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കേസിലെ മൊഴികളിലും അന്വേഷണ നടപടികളിലും കൂടുതൽ പരിശോധനകൾ തുടരുകയാണ്.