ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ് നടത്തിയ സംഘം നടൻ റൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. റൺബീറിൻ്റെ ബാന്ദ്രയിലെ വസതിയിൽ പ്രതികൾ നിരീക്ഷണം നടത്തിയെന്നാണ് വിവരം. കൂടുതൽ പേരെ ആക്രമണസംഘം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

മുംബൈയിലെത്തിയ പ്രതികൾ ആദ്യം നടൻ സൽമാൻ ഖാനെ ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സൽമാൻ്റെ വസതിക്ക് മുന്നിലെ സുരക്ഷ ശക്തമാണെന്ന് മനസ്സിലാക്കിയതോടെ പദ്ധതി മാറ്റി ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

ആക്രമണത്തിൻ്റെ സൂത്രധാരൻ അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനായി പ്രതികൾക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തെന്നുമാണ് പൊലീസ് റിപ്പോർട്ട്.

ഞായറാഴ്ച വൈകിട്ടായിരുന്നു ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts