ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്ത് നവംബർ രണ്ടുമുതൽ സ്ഥിരം സർവീസ് തുടങ്ങാനാണ് സാധ്യതയെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. എന്നാൽ റെയിൽവേ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ബയ്യപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽനിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്കായിരിക്കും നിർദിഷ്ട സർവീസ്. ഏകദേശം 1,118 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയിൻ ആഴ്ചയിൽ ആറു ദിവസം സർവീസ് നടത്തുമെന്നാണ് സൂചന. രാത്രിയാത്രയ്ക്ക് ശേഷം അടുത്ത ദിവസം രാവിലെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്ന രീതിയിലായിരിക്കും സമയക്രമം.

നിലവിൽ ഇരുനഗരങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന പ്രതിദിന ട്രെയിനായ ഉദ്യാൻ എക്സ്പ്രസ് ഏകദേശം 1,134 കിലോമീറ്റർ സഞ്ചരിക്കാൻ 22 മണിക്കൂറോളം എടുക്കുന്നുണ്ട്. പുതിയ വന്ദേഭാരത് സ്ലീപ്പർ സർവീസ് യാത്രാസമയം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഏഴ് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. എന്നാൽ സ്റ്റോപ്പുകൾ, പുറപ്പെടുന്ന സമയം, കോച്ചുകളുടെ എണ്ണം, ടിക്കറ്റ് നിരക്ക്, ബുക്കിങ് വിവരങ്ങൾ എന്നിവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കർണാടക നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടന തീയതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിനുശേഷമേ സർവീസ് സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ വ്യക്തത ലഭിക്കൂ.

Related Posts