ദസറ ആഘോഷങ്ങൾക്ക് വർണപ്പകിട്ടേകാൻ മൈസൂരുവിൽ 3,500 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനം ഇന്ന് ആരംഭിക്കും. ബന്നിമണ്ഡപം ഗ്രൗണ്ടിൽ രാത്രി എട്ടിനാണ് പ്രദർശനം. ഇന്നും നാളെയും കൂടാതെ ഒക്ടോബർ 20, 21 തീയതികളിലുമാണ് ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷൻ്റെ (ചെസ്കോം) നേതൃത്വത്തിലാണ് പരിപാടി.
ഏകദേശം 15 മിനിറ്റ് നീളുന്ന പ്രദർശനത്തിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച ഡ്രോണുകൾ ആകാശത്ത് വിവിധ രൂപങ്ങളും ദൃശ്യങ്ങളും തീർക്കും. ദസറയുടെ പാരമ്പര്യവും കർണാടകയുടെ സാംസ്കാരിക സവിശേഷതകളും പ്രതിഫലിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേസമയം ആയിരക്കണക്കിന് ഡ്രോണുകൾ ഏകോപിപ്പിച്ച് ആകാശത്ത് വിസ്മയരൂപങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രദർശനത്തിൻ്റെ പ്രധാന ആകർഷണം.
ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് കൂറ്റൻ മയിലിൻ്റെ രൂപം സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടവും ലക്ഷ്യമിടുന്നുണ്ട്. ഡ്രോണുകളിൽ ഘടിപ്പിച്ച എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വർണാഭമായ ദൃശ്യങ്ങൾ ഒരുക്കും. ഇതിനായി ഏകദേശം അഞ്ചുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദസറ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടിയാണിത്. ദസറയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികൾക്കും മറ്റ് ആഘോഷങ്ങൾക്കും പുറമേ ഡ്രോൺ ഷോ കൂടി എത്തുന്നതോടെ മൈസൂരുവിലെ രാത്രികാല ആഘോഷങ്ങൾക്ക് കൂടുതൽ ആകർഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.