നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി പരിശോധനാഫലം. സുഹൈലിൻ്റെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യത്തിൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് സാമ്പിൾ പരിശോധനാഫലം പൊലീസിന് ലഭിച്ചതായുള്ള വിവരം. ഇയാൾ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തും.
അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനെ ഇന്ന് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. ആദ്യം അപകടം നടന്ന എയർപോർട്ട് റോഡിലെത്തിച്ചെങ്കിലും ജനക്കൂട്ടം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. അപകടമുണ്ടായ സ്ഥലവും പിന്നീട് വാഹനം നിർത്തിയ സ്ഥലവും പ്രതി അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു.
തുടർന്ന് അപകടത്തിന് മുമ്പ് പ്രതികൾ അവസാനമായി മദ്യപിച്ചതായി പറയുന്ന നെടുമ്പാശ്ശേരിയിലെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നടപടികൾ ഏറെനേരം നീണ്ടു. കേസുമായി ബന്ധപ്പെട്ട് മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.