നാളെ കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, പ്രതിഷേധം നിയന്ത്രണവിധേയമായി നടത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസിനോട് കോടതി ഉറപ്പുവാങ്ങി.
ദസറ സീസണിലെ വാരാന്ത്യ ദിവസങ്ങളിൽ പ്രതിഷേധം നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പാലിക ബസാറിലെ തെരുവുകച്ചവടക്കാരനായ അനിൽ കുമാർ ഗുപ്ത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. കോണാട്ട് പ്ലേസ് പ്രതിഷേധങ്ങൾക്കുള്ള സ്ഥലമല്ലെന്നും പ്രതിഷേധം തടയണമെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
എന്നാൽ പ്രതിഷേധം പൂർണമായി തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിഷേധം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന് നിർദേശം നൽകിയത്. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും.