മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. എരമം സ്വദേശിനി മേഘയുടെ മരണത്തിന് പിന്നിൽ 40 ലക്ഷം രൂപ നഷ്ടമായതുമായി ബന്ധപ്പെട്ട മാനസിക സമ്മർദമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പണം എങ്ങനെ നഷ്ടമായെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
വിദേശത്തായിരുന്ന ഭർത്താവ് ബിനീഷ് പലതവണയായി മേഘയ്ക്ക് പണം അയച്ചുനൽകിയിരുന്നു. പഴയ സമ്പാദ്യം ഉൾപ്പെടെ ഏകദേശം 40 ലക്ഷം രൂപ മേഘയുടെ കൈവശമുണ്ടെന്നായിരുന്നു ബിനീഷ് കരുതിയിരുന്നത്. പുതിയ വീട് വാങ്ങുന്നതിനായി ഈ പണം ആവശ്യപ്പെട്ടപ്പോഴാണ് തുക ചെലവായിപ്പോയതായി മേഘ അറിയിച്ചതെന്നാണ് വിവരം. എന്നാൽ പണം എങ്ങനെ ചെലവായെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെ ഈ മാസം എട്ടിന് മേഘ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
പണം എവിടേക്ക് പോയി, ഏതൊക്കെ ഇടപാടുകൾ നടത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി മേഘയുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം.