നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ചെലുത്തുന്നതായാണ് ആശങ്കയെന്ന് ഗോപികയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കരുതെന്നും നിയമപ്രകാരം പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സാധാരണ കുടുംബത്തിൽ നിന്നുള്ള ഗോപികയ്ക്ക് മരണശേഷവും വലിയ തോതിൽ സൈബർ അധിക്ഷേപം നേരിടേണ്ടിവരുന്നതായി കുടുംബം പരാതിപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്തസാംപിൾ ശേഖരിച്ചതിലും സംശയമുണ്ടെന്ന് പിതാവ് പ്രദീപ് പറഞ്ഞു. കേസിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സജിതയും വികാരാധീനയായി പ്രതികരിച്ചു.

വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിലൂടെ മകളെയും കുടുംബത്തെയും അധിക്ഷേപിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. ആലപ്പുഴയിൽ നിന്നുള്ള മന്ത്രിമാർ ജില്ലയിലെ കോടീശ്വരനായ വ്യവസായിയുടെ സ്വാധീനത്തിന് വഴങ്ങരുതെന്നും കുടുംബം അഭ്യർഥിച്ചു. പാലക്കാട് കരിമ്പ സ്വദേശിയായ പ്രദീപ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. അമ്മ സജിത റബ്ബർ ഷീറ്റ് കടയിൽ ജോലി ചെയ്യുന്നു. എറണാകുളത്ത് പാർട്ട് ടൈം ജോലി ചെയ്ത് പഠിച്ചിരുന്ന ഗോപിക കുടുംബത്തിൻ്റെ വലിയ പ്രതീക്ഷയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കേസിൽ നീതി ഉറപ്പാക്കണമെന്നും അന്വേഷണം സുതാര്യമായി നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related Posts