ബെംഗളൂരു: കേരളവും കർണാടകയും തമ്മിലുള്ള അന്തസ്സംസ്ഥാന ഗതാഗതം സുഗമമാക്കുന്നതുൾപ്പെടെയുള്ള വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ബെംഗളൂരുവിലെ ശിവകുമാറിൻ്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മൈസൂരു–നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത, അതിർത്തിയിലെ രാത്രിയാത്രാ നിയന്ത്രണങ്ങൾ, പുതിയ ഗതാഗതപാതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നും പുതിയ വികസന പദ്ധതികളിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ടി. സിദ്ദിഖ് പറഞ്ഞു. കർണാടക ജൈവോർജ വികസനബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്രയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതിർത്തി മേഖലയിൽ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. നിരോധനസമയത്ത് കൂടുതൽ ബസുകൾ കടത്തിവിടണമെന്നും രോഗികളുമായി പോകുന്ന വാഹനങ്ങളെയും ആംബുലൻസുകളെയും തടയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ബൈരക്കുപ്പ പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും സ്വീകരിക്കുന്ന നടപടികളും ശിവകുമാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും കൈമാറി. കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന ഇരട്ട ടണൽ പാതയോ ആകാശപാതയോ നിർമിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മൈസൂരു–നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത യാഥാർഥ്യമാക്കുന്നതിലൂടെ ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ യാത്രാസൗകര്യവും ബന്ധവും മെച്ചപ്പെടുത്താനാകുമെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

841603102_1651124889716617_2742383620378113703_n

Related Posts