മുതിർന്ന പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി ‘ജോബ്സ് 60+’ തൊഴിൽമേളയുടെ പതിനൊന്നാം പതിപ്പ് ഒക്ടോബർ 11ന് ബെംഗളൂരുവിൽ നടക്കും. നൈറ്റിംഗേൽസ് എംപവർമെന്റ് ഫൗണ്ടേഷൻ, നൈറ്റിംഗേൽസ് മെഡിക്കൽ ട്രസ്റ്റ്, സെന്റ് ജോസഫ്സ് സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലാങ്ഫോർഡ് റോഡിലെ സെന്റ് ജോസഫ്സ് സർവകലാശാലയിലാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ നിന്നായി 70-ലധികം തൊഴിൽദാതാക്കൾ പങ്കെടുക്കുമെന്നും 1,250 തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 55 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം. ശാരീരികക്ഷമതയോടെ ജോലി ചെയ്യാൻ കഴിയുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകും.
മുതിർന്ന പൗരന്മാർക്ക് ജോലി കണ്ടെത്തുക എന്നതിലുപരി, അവർക്ക് ഉൽപാദനക്ഷമത നിലനിർത്താനും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നൈറ്റിംഗേൽസ് മെഡിക്കൽ ട്രസ്റ്റിൻ്റെ സെക്രട്ടറിയും സഹസ്ഥാപകനുമായ പ്രേംകുമാർ രാജ പറഞ്ഞു.
തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്. മുതിർന്ന പൗരന്മാർക്കും തൊഴിൽദാതാക്കൾക്കും www.nightingalesjobs60plus.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.