യൂട്യൂബർ ധ്രുവ് റാഠിയുടെ പൗരത്വം, വിസാ വിവരങ്ങൾ, ഇന്ത്യയിലെ കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മുൻ ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒക്ടോബർ 8-ന് നടന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ ധ്രുവ് റാഠി പങ്കെടുത്തതിനു പിന്നാലെയാണ് നടപടി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്.ഐ.ആറിനെതിരെയും നടന്ന പ്രതിഷേധത്തിലാണ് ധ്രുവ് റാഠിയും നടൻ പ്രകാശ് രാജും പങ്കെടുത്തത്. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി.) സംഘടിപ്പിച്ച പ്രതിഷേധത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വേണമെന്ന് ധ്രുവ് റാഠി ആവശ്യപ്പെട്ടിരുന്നു.

ധ്രുവ് റാഠിയുടെ നിലവിലെ പൗരത്വം, ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച പാസ്‌പോർട്ട്, രാജ്യത്ത് താമസിക്കുന്നതിനുള്ള വിസയോ മറ്റ് അനുമതികളോ എന്നിവ പരിശോധിക്കണമെന്നാണ് ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിലെ ആവശ്യം. വിദേശ പൗരനാണെങ്കിൽ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ നിലവിലുള്ള നിയമങ്ങൾ പ്രകാരം അനുമതിയുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശികൾക്ക് ബാധകമായ നിയമങ്ങളോ വിസാ വ്യവസ്ഥകളോ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts