കെഎസ്ആർടിസിയുടെ പുതിയ കാർഗോ ലോജിസ്റ്റിക്സ് സർവീസിന് തുടക്കമായി. ഗതാഗതമന്ത്രി സി.പി. ജോൺ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങളിലാണ് കാർഗോ സർവീസ് ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സേവനം വിപുലീകരിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

നിലവിലുള്ള ലോജിസ്റ്റിക്സ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയ ഫ്ലീറ്റായി കെഎസ്ആർടിസിയുടെ കാർഗോ വിഭാഗത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൊബൈൽ ഫോണുകളാണ് ആദ്യ കാർഗോ ആയി കെഎസ്ആർടിസി ട്രക്കിൽ എറണാകുളത്തേക്ക് അയച്ചത്. സ്കോർപിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് പദ്ധതിക്ക് പിന്തുണ നൽകുന്നത്.

തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷയായി. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു തുടങ്ങിയവർ പങ്കെടുത്തു.

Related Posts