സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഷെട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ നടന്ന ‘ഓണവിരുന്ന് 2026’ വേദിയിൽ, സമന്വയ ദാസറഹള്ളി ഭാഗ് അംഗങ്ങൾ അവതരിപ്പിച്ച ‘ശ്രീ മുത്തപ്പ ചരിതം’ എന്ന നൃത്ത സംഗീത ശില്പം ശ്രദ്ധേയമായി.
ദാസറഹള്ളി ഭാഗിലെ ആറ് വയസ്സുമുതൽ അറുപത് വയസ്സുവരെയുള്ള കുട്ടികളും മുതിർന്നവരും ഒരുമിച്ച് അണിനിരന്നാണ് ഈ മനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കിയത്. വിവിധ പ്രായക്കാരുടെ കൂട്ടായ്മയും കലാപരമായ മികവും അവതരണത്തിന് വേറിട്ട ഭംഗി നൽകി.
ശ്രീ മുത്തപ്പൻ്റെ ഐതിഹ്യകഥ ഭക്തിയുടെയും സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും ദൃശ്യചാരുതയുടെയും സമന്വയത്തോടെ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. മുത്തപ്പൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും സംസ്കാരപരമായ പശ്ചാത്തലവും മനോഹരമായി കോർത്തിണക്കിയ അവതരണം കാണികളുടെ മനം കവർന്നു.
ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ സമന്വയ ട്രസ്റ്റിൻ്റെ കേന്ദ്ര-ഭാഗ്, സ്ഥാനീയ സമിതി ഭാരവാഹികളും പ്രവർത്തകരുംകുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും ഒരുമിച്ച് ഒരുക്കിയ ‘ശ്രീ മുത്തപ്പ ചരിതം’ സമന്വയ കുടുംബത്തിൻ്റെ കൂട്ടായ്മയുടെയും കലാപ്രതിഭയുടെയും മികച്ച ഉദാഹരണമായി മാറി.