മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ സംഘർഷാവസ്ഥയിലേക്ക്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാക്കളെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാശവാണി ഭവൻ പരിസരത്ത് പ്രതിഷേധം തുടർന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുൽ ഗാന്ധിയെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി. പ്രിയങ്ക ഗാന്ധിയെയും വാഹനത്തിൽ കയറ്റിയതിന് പിന്നാലെ അവർ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു. കേ​ര​ള ഹൗ​സി​ൽ നി​ന്ന് ​പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നേ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപുനഃപരിശോധന (SIR) സംബന്ധിച്ച നടപടികളിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണവും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമാണ് പ്രതിഷേധത്തിന് പിന്നിൽ. തെരഞ്ഞെടുപ്പ് കമ്മിഷൻ ആരോപണങ്ങൾ നിഷേധിക്കുകയും SIR സംബന്ധിച്ച നടപടികൾ നിയമപ്രകാരമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Related Posts