ജപ്പാനിലെ ഐച്ചി–നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 85 മെഡലുകളുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 15 ദിവസം നീണ്ട മത്സരങ്ങളിൽ 36 കായിക ഇനങ്ങളിലായി 495 താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആകെ മെഡലുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും 25 ശതമാനം കുറവ് താരങ്ങളെയാണ് ഇന്ത്യ ഇത്തവണ മത്സരത്തിനയച്ചത്.

അത്ലറ്റിക്സിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ സ്വന്തമാക്കിയത്. ഒരു സ്വർണം, ഒമ്പത് വെള്ളി, 14 വെങ്കലം ഉൾപ്പെടെ 24 മെഡലുകളാണ് ഈ ഇനത്തിൽ ലഭിച്ചത്. ഷൂട്ടിങ്ങിൽ 15 മെഡലുകളും ആർച്ചറിയിൽ ഒമ്പത് മെഡലുകളും ബോക്സിങ്, ഗുസ്തി ഇനങ്ങളിൽ ആറു മെഡലുകൾ വീതവും ഇന്ത്യ നേടി.

ക്രിക്കറ്റ്, ഹോക്കി, കബഡി എന്നീ ഇനങ്ങളിൽ പുരുഷ–വനിതാ വിഭാഗങ്ങളിലായി ഇന്ത്യ രണ്ട് സ്വർണം വീതം സ്വന്തമാക്കി. പുരുഷ, വനിതാ ഹോക്കി ടീമുകളുടെ സ്വർണനേട്ടത്തോടെ 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കും യോഗ്യത നേടി. ഗുസ്തിയിൽ അമൻ സെഹ്റാവത്തും സുജീതും സ്വർണം നേടിയപ്പോൾ ആന്റിം വെള്ളിയും ദീപക് പുനിയ വെങ്കലവും നേടി.

മെഡൽ പട്ടികയിൽ 168 സ്വർണം ഉൾപ്പെടെ 340 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്തെത്തി. 267 മെഡലുകളുമായി ജപ്പാൻ രണ്ടാമതും 149 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതും ഫിനിഷ് ചെയ്തു. 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

Related Posts