കർണാടകയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിനീക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധം. കർണാടക പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്, മന്ത്രിമാർ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ചീഫ് ഇലക്ടറൽ ഓഫീസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കുന്നതിനായി ബിജെപി പ്രവർത്തകർ വ്യാപകമായി ഫോം 7 സമർപ്പിക്കുന്നതായാണ് കോൺഗ്രസിൻ്റെ ആരോപണം. പട്ടികയിൽ കൃത്രിമം നടത്തി ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ശിവകുമാർ ആരോപിച്ചു. അനധികൃതമായി ഫോം 7 സമർപ്പിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ ഓഫീസിൽ പ്രതിഷേധം തുടരുമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാൽ, വിഷയത്തിൽ നടപടി സ്വീകരിക്കാൻ വെള്ളിയാഴ്ച രാവിലെ വരെ സമയം അനുവദിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അഭ്യർഥിച്ചു. ഇതേത്തുടർന്ന് വൈകുന്നേരം അഞ്ചോടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. അതേസമയം, അനധികൃതമായി ഫോം 7 സമർപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.