രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 62.50 രൂപയാണ് കൂട്ടിയത്. തുടർച്ചയായി രണ്ടാം മാസമാണ് വാണിജ്യ പാചകവാതക വില വർധിക്കുന്നത്.
വില വർധനയോടെ ന്യൂഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 2,810 രൂപയായി. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണിന് മുന്നോടിയായുള്ള വില വർധന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യ ഉൽപ്പാദന-സംസ്കരണ സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് ഉയർത്തും. ഇത് ഭക്ഷ്യവിലയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.