സ്റ്റാൻഡപ് കോമഡി പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് പുണെ സ്വദേശിയും മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ സേജൽ പവാറിനെതിരെ കെഇഎം മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ടംഗ അന്വേഷണ സമിതിയെ കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. സ്റ്റാൻഡപ് കോമഡി ഷോയിൽ അവതാരകൻ പ്രണിത് മോറെ ചോദിച്ച ചോദ്യത്തിന് മറുപടിയായി പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് സേജൽ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മഹാരാഷ്ട്ര സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെഇഎം മെഡിക്കൽ കോളജ് ഡീൻ ഡോ. ഹരീഷ് പഥക് വ്യക്തമാക്കി. വിദ്യാർഥിനിയുടെ പരാമർശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും സാമൂഹിക ഉത്തരവാദിത്തവും മറ്റുള്ളവരോടുള്ള ബഹുമാനവും പാലിച്ചായിരിക്കണം അഭിപ്രായപ്രകടനമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. നർമ്മപരിപാടികൾ ആസ്വദിക്കാമെങ്കിലും മാന്യതയുടെ അതിരുകൾ ലംഘിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേ പരിപാടിയുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ഗുരുഗ്രാം സ്വദേശിയായ ഹിമാൻഷു ജാൻഗ്രയ്ക്കും പരിപാടിയുടെ അവതാരകനായ പ്രണിത് മോറെയ്‌ക്കും എതിരെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Related Posts