മട്ടന്നൂരിൽ എംഡിഎംഎ കൈവശം വച്ചെന്ന കേസിൽ രണ്ട് ഡോക്ടർമാരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പുതുപ്പൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.സിദ്ധിഖിൻ്റെ മകൻ ഡോ.എച്ച്.എ.ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂലിബസാറിലെ സദ്മം വീട്ടിൽ സി.പത്മനാഭൻ്റെ മകൻ ഡോ.സി.പി.സിദ്ധാർഥ് (31) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി.വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ യുവഡോക്ടറുമാണെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2.809 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന താർ വാഹനത്തിലുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നതായി എക്സൈസ് സംഘം കണ്ടെത്തിയത്.
എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകിയതായും എക്സൈസ് അധികൃതർ വ്യക്തമാക്കി.