ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ആധുനിക വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥിത്വത്തെയാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ ജനറൽ സെക്രട്ടറി സലീം കെ.കെ പറഞ്ഞു. ലഹരിയും അരാജകത്വവും യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ ധാർമ്മിക ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ സമസ്‌തയുടെ വിദ്യാർത്ഥി പ്രസ്ഥാനം എസ്.കെ.എസ്.എസ്.എഫ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈസൂർ റോഡ് എം.എം.എ ക്രസന്റ് സ്കൂളിലെ എ ബി കാദർ ഹാജി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ് ചാമരാജ്പേട്ട് – മൈസൂർ റോഡ് യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ട്രഷറർ സി.എച്ച് ഷാജൽ യൂണിറ്റ് രൂപീകരണ നടപടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹിക സേവന രംഗത്ത് സജീവമാക്കുന്നതിനും പുതിയ യൂണിറ്റ് മുഖേന സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബാംഗ്ലൂർ മജെസ്റ്റിക് ഏരിയ പ്രസിഡണ്ട് ബിലാൽ ആരിക്കാടി, സെക്രട്ടറി ബാതിഷ മജസ്റ്റിക് തുടങ്ങിയവർ സംസാരിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റ് തലത്തിൽ വിദ്യാർത്ഥി സംഗമം, വിവിധ ക്ലാസുകൾ, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

Related Posts