തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൻ്റെ(RTI) പരിധിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതിനാൽ വിവരങ്ങൾ പുറത്തുവിടുന്നത് ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഒഴിവാക്കൽ നടപ്പാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പുതിയ ഉത്തരവോടെ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇനി RTI വഴി ലഭ്യമാകില്ല. ജാതി-വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നടപടികളും, പൊലീസ് കസ്റ്റഡി മരണങ്ങളും പൊലീസ് പീഡനങ്ങളും സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ, പൊലീസ് വെടിവെപ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ ഫയലുകൾ, വിദ്യാർഥികൾ, കർഷകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, രാഷ്ട്രീയ പശ്ചാത്തലമുള്ളതോ സമരങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ പിൻവലിക്കുന്നതിനുള്ള അപേക്ഷകളും തീരുമാനങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളും ഒഴിവാക്കലിന്റെ പരിധിയിൽ വരും.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിലും അന്വേഷണങ്ങളിലും അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാനും രഹസ്യാത്മകത സംരക്ഷിക്കാനുമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങളിലും പൊലീസ് നടപടികളിലും സുതാര്യതയും ഉത്തരവാദിത്തവും കുറയാൻ നടപടി ഇടയാക്കുമെന്ന ആശങ്ക വിവരാവകാശ പ്രവർത്തകർ ഉയർത്തുന്നുണ്ട്.