എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഫുൾ കമ്മിഷൻ യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം കമ്മിഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി.
എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
എസ്ഐആറിനൊപ്പം നൽകുന്ന ഫോം 6-ൽ മാറ്റം വരുത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫോം 6-ൽ മാതാപിതാക്കളുടെ പേര് ഉപയോഗിച്ച് മുൻ എസ്ഐആറുമായുള്ള ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്നാണ് കമ്മിഷൻ്റെ വിശദീകരണം.
അതേസമയം, എസ്ഐആർ കാലയളവിന് പുറത്തുള്ള അപേക്ഷകൾക്ക് 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.