കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവോണം ബമ്പറിൻ്റെ മുഴുവൻ 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് റെക്കോർഡ് വിൽപന നടന്നത്. കഴിഞ്ഞ വർഷം 75 ലക്ഷം ടിക്കറ്റുകളും 2024ൽ 71.50 ലക്ഷം ടിക്കറ്റുകളുമായിരുന്നു വിറ്റത്.
500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിറ്റതിലൂടെ ആകെ 450 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ജിഎസ്ടി ഉൾപ്പെടെ ഏജന്റുമാർ ലോട്ടറി ഓഫീസിൽ അടയ്ക്കുന്നത് ടിക്കറ്റൊന്നിന് 411 രൂപയാണ്. ഏജൻസി കമ്മീഷനും ജിഎസ്ടിയും കണക്കിലെടുത്തുള്ള കിഴിവുകൾക്ക് ശേഷം ഒരു ടിക്കറ്റിൽ നിന്ന് സർക്കാരിന് ഏകദേശം 268 രൂപ ലഭിക്കുമെന്നാണ് കണക്ക്.
ഇതനുസരിച്ച് 90 ലക്ഷം ടിക്കറ്റുകളുടെ വിൽപനയിലൂടെ സർക്കാർ ഖജനാവിലേക്ക് 241.20 കോടിയിലധികം രൂപ എത്തും. ഇതിൽ 125.54 കോടി രൂപ സമ്മാനങ്ങൾക്കായി മാറ്റിവെക്കും. ജിഎസ്ടി ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയുടെ പകുതിയും സംസ്ഥാനത്തിന് ലഭിക്കും.
ഈ വർഷത്തെ തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്.