ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുനഃപരിശോധന (എസ്‌ഐആർ) സംബന്ധിച്ച ആശങ്കകൾ ഉയർത്തി നടൻ പ്രകാശ് രാജിൻ്റെ നേതൃത്വത്തിൽ 10 ദിവസത്തെ ‘എസ്‌ഐആർ പ്രതിരോധ യാത്ര’ ആരംഭിച്ചു. സെപ്റ്റംബർ 23ന് കലബുറഗിയിലെ രാമനഗർ നാടോടി കോളനിയിൽ ബി.ആർ. അംബേദ്കറിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു യാത്രയുടെ തുടക്കം.

സംസ്ഥാനത്തെ ചേരിപ്രദേശങ്ങൾ, പിന്നാക്ക വിഭാഗങ്ങളുടെ കോളനികൾ, വിവിധ പോളിങ് ബൂത്തുകൾ എന്നിവിടങ്ങളിലെത്തി വോട്ടർപട്ടികയിലെ മാറ്റങ്ങൾ നേരിട്ട് പരിശോധിക്കുകയാണ് യാത്രയുടെ ലക്ഷ്യം. 2002ലെ വോട്ടർപട്ടികയുമായി നിലവിലെ കരട് പട്ടികയിലെ വിവരങ്ങൾ താരതമ്യം ചെയ്ത് അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രകാശ് രാജ് അറിയിച്ചു.

യാത്രയ്ക്കിടെ ശേഖരിക്കുന്ന വിവരങ്ങളും രേഖകളും ക്രോഡീകരിച്ച് ഒക്ടോബർ ഒന്നിന് ഡൽഹിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം നിയമനടപടികളിലേക്കും നീങ്ങുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പ്രകാശ് രാജിൻ്റെ സ്വന്തം പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തെന്ന മുൻ ആരോപണം തിരഞ്ഞെടുപ്പ് അധികൃതർ നിഷേധിച്ചിരുന്നു. ശാന്തിനഗർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ അദ്ദേഹത്തിൻ്റെ പേര് നിലവിലുണ്ടെന്നും, പഴയ വിലാസത്തിൽ താമസിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ‘Shifted’ ആയി രേഖപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

കെ. നീല, മീനാക്ഷി ബാലി, കെ.എൽ. അശോക്, രേണുക സിംഗെ തുടങ്ങിയ സാമൂഹിക പ്രവർത്തകരും യാത്രയിൽ പ്രകാശ് രാജിനൊപ്പമുണ്ട്.

Related Posts